കൊച്ചി: നഗരത്തിൽ രാസലഹരി മരുന്നുമായി മൂന്നു യുവാക്കളെ നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തതു. ചാവക്കാട് പുന്നയൂര്‍ക്കുളം കരിപ്പോട്ട് വീട്ടില്‍ നിതിൻ (37), കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര ഇരവട്ടൂര്‍ അന്‍ഷിദ് (29), വേളം പൂളക്കോല് തറവട്ടകത്ത് അമീര്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിതിന്റെ പക്കൽനിന്ന് 105.95 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ കൊച്ചിയിലെത്തിച്ച് വില്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.
അന്‍ഷിദ്, അമീര്‍ എന്നിവരെ രവിപുരം ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 12.9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രവിപുരം ഭാഗത്ത് ലോഡ്ജ് നടത്തിപ്പുകാരനാണ് അമീർ. ഇയാളുടെ കൂട്ടുകാരനാണ് അന്‍ഷിദ്. ഇരുവരും ലോഡ്ജ് കേന്ദ്രീകരിച്ചാണ് എംഡിഎംഎ കച്ചവടം ചെയ്തിരുന്നത്.